'കേരളം മാറണം, എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് എന്റെ ദൗത്യം'; രാജീവ് ചന്ദ്രശേഖര്‍

കേരളം മാറണമെന്നതാണ് ബിജെപിയുടെ ദൗത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. അവസരങ്ങളില്ലെങ്കിൽ യുവാക്കൾ നിൽക്കില്ലെന്നും നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസന സന്ദേശങ്ങൾ ഓരോ വീട്ടിലും എത്തിക്കണം. മാറ്റം കൊണ്ടുവരാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണം. എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ച പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നന്ദിയുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ മുൻ അധ്യക്ഷന്മാര്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരോട് കടപ്പെട്ടിരിക്കുന്നു. ബലിദാനികളുടെ ത്യാഗമോര്‍ത്ത് മുന്നോട്ട് പോകും. നാളെയും അങ്ങനെ തന്നെയായിരിക്കും. കേരളത്തിലെ ബിജെപിയുടെ കരുത്ത് മനസിലായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.