ബ്ലാക്ക് മെയിലിംഗ് ജേര്‍ണലിസത്തിന് അറുതി വരുത്താന്‍ കോം ഇന്ത്യയുടെ പരാതിയില്‍ സത്വര നടപടിയുമായി കേരള പൊലീസ്; വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യു ട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സോണല്‍ ഐ ജി മാര്‍ക്ക് നിര്‍ദ്ദേശം നല്കി എഡിജിപി മനോജ് എബ്രഹാം

ബ്ലാക്ക് മെയിലിംഗ് ജേര്‍ണലിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേരള പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യു ട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സോണല്‍ ഐ.ജി മാര്‍ക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദ്ദേശം നല്കി. ബ്ലാക്ക് മെയിലിംഗ് ജേര്‍ണലിസത്തിനും വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യു ട്യൂബ് ചാനലുകള്‍ക്കുമെതിരെ പൊലീസ് നടപടി പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യയുടെ പരാതിയിന്മേലാണ്. കോം ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി.

കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ വ്യാജ ഓണ്‍ലൈനുകളും യൂട്യൂബ് വ്‌ലോഗര്‍മാരും മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെ നടത്തുന്ന തട്ടിപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും പൊലീസ് മേധാവിയ്ക്കുമടക്കം നല്‍കിയ പരാതിയിലാണ് സത്വരനടപടി. പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വളരെ ഗുരുതരമായ കാര്യങ്ങളാണ് മുഖ്യമന്ത്രിക്കും, ഡി.ജിപിക്കും എ.ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത – രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാധ്യമപ്രവര്‍ത്തന പരിചയവും മീഡിയ പശ്ചാത്തലമോ പോലും ഇല്ലാതെ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് കോം ഇന്ത്യ നല്കിയ പരാതിയില്‍ പറയുന്നു.

ചിലര്‍ വെബ്‌സൈറ്റുകള്‍ പോലുമില്ലാതെ ഫേസ്ബുക്ക് പേജുകളില്‍ തലക്കെട്ടുകള്‍ നല്കി മീഡിയ എന്ന പേരില്‍ സ്ഥാപനങ്ങളെ സമീപിക്കുന്നതും പതിവാണ്. ഇത്തരം മാധ്യമങ്ങളില്‍ ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം ബ്ലാക്‌മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നതും കോം ഇന്ത്യയുടെ പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഇത്രയും ഗുരുതര വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കോം ഇന്ത്യ മുഖ്യമന്ത്രി, ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയ്ക്കാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

പരാതി നല്കി ഉടന്‍ തന്നെ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന സംഭവങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികളും പോലീസ് പരിശോധിക്കും. മാധ്യമ പ്രവര്‍ത്തന പശ്ചാത്തലമോ പരിചയമോ ഇല്ലാതെ നടത്തപ്പെടുന്ന ഇത്തരം വെബ്‌സൈറ്റുകളില്‍ വന്ന വ്യാജ വാര്‍ത്തകളുടെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്നതരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് പലപ്പോഴും പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പണം നല്‍കിയില്ലെങ്കില്‍ വാര്‍ത്ത നല്കുമെന്ന് പറഞ്ഞു ജനപ്രതിനിധികളെ ഉള്‍പ്പെടെ ഭീക്ഷണിപ്പെടുത്തിയതായ പരാതികളും ഉണ്ടായിട്ടുണ്ട്.

കേരളത്തില്‍ പി ആര്‍ ഡി നിശ്ചയിച്ചിട്ടുള്ള മിനിമം വായനക്കാരുള്ള എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പി.ആര്‍.ഡിയുടെ മീഡിയ ലിസ്റ്റ് വഴി അംഗീകാരം നല്കിയിട്ടുണ്ട്. നാനൂറിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനായി പി ആര്‍ഡിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരിശോധനയില്‍ മിനിമം വായനക്കാരുടെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള മിനിമം യൂണിക് വിസിറ്റേഴ്‌സ് ഉള്ളത് 28 മീഡിയകള്‍ക്കു മാത്രമായിരുന്നു. എന്നാല്‍ അത്തരത്തില്‍ വായനക്കാരോ അംഗീകാരമോ പോലുമില്ലാത്ത മീഡിയകളാണ് ലക്ഷങ്ങള്‍ വായനക്കാര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു ബ്ലാക് മെയിലിങ്ങും പണപ്പിരിവുമായി പൊതുസമൂഹത്തെ കബളിപ്പിക്കുന്നത് എന്നതാണ് കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യയുടെ പരാതിക്ക് അടിസ്ഥാനം.

Read more