കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്; ഫോറന്‍സിക് പരിശോധന തുടരുന്നു

കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ചാത്തന്നൂരില്‍ തെളിവെടുപ്പിനെത്തിച്ചു. കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് റിമാന്റിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ് ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ പ്രതികളുടെ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറില്‍ പരിശോധന നടത്തി. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ ചാത്തന്നൂരിലെ വീട്ടുമുറ്റത്താണ് നിലവിലുള്ളത്. സംഭവത്തിന് ശേഷം കാര്‍ ഉപോയഗിച്ചിട്ടില്ലാത്തതിനാല്‍ വാഹനത്തില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കുട്ടിയെ തട്ടിക്കൊണ്ടുവന്ന ശേഷം ഏതെങ്കിലും ലഹരി മരുന്നുകള്‍ കുട്ടിയ്ക്ക് നല്‍കിയിരുന്നോ എന്നും പരിശോധിക്കും. പ്രതികള്‍ കുട്ടിയുടെ മാതാവിനെ ഫോണില്‍ വിളിച്ച പാരിപ്പള്ളിയിലെ കടയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടുവന്ന ഓയൂരിലേക്കും പ്രതികളെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.

Read more

ഇതിന് പുറമേ പ്രതികളെ പിടികൂടിയ തമിഴ്‌നാട് തെങ്കാശിയിലെ ഹോട്ടലില്‍ എത്തിച്ചും തെളിവെടുപ്പ് നടത്താനുണ്ട്. അതേ സമയം അനിത കുമാരിയുടെ ശബ്ദം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട സ്ത്രീ ശബ്ദം അനിതയുടേതാണെന്ന് സ്ഥിരീകരിക്കാനാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.