കൊടകര കള്ളപ്പണ കേസ്; ഇഡിക്കും ആദായ നികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്

കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊടകര കവര്‍ച്ച കേസിലെ 50–ാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണു നോട്ടീസ്.

ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 2021 ഏപ്രിൽ 3നാണ് ദേശീയപാതയിൽ കൊടകരയ്ക്കടുത്ത് ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.