കോവളത്തേത് ഒറ്റപ്പെട്ട സംഭവം, പൊലീസിനെ പൂര്‍ണ്ണമായും അധിക്ഷേപിക്കേണ്ടതില്ലെന്ന് കോടിയേരി

തിരുവനന്തപുരം കോവളത്ത് വിദേശിയോട് പൊലീസ് അപമര്യാദയായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിനെതിരെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ സര്‍ക്കാര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും, കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

എക്കാലത്തേയും പോലെ ഒറ്റപ്പെട്ട സംഭവമാണ് കോവളത്ത് നടന്നത്. അതിന്റെ പേരില്‍ പൊലീസിനെ പൂര്‍ണ്ണമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും.

അതേസമയം രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അത്തരം ഒരു കാര്യം ഗവര്‍ണ്ണര്‍ പറഞ്ഞിട്ടുണ്ടോ എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്ന് കോടിയേരി പറഞ്ഞു. ആര്‍ക്ക് ഡി ലിറ്റ് കൊടുക്കണം എന്നത് സര്‍വകലാശാലകളാണ് തീരുമാനിക്കുന്നത്. അതില്‍ സര്‍ക്കാരിന് പങ്കില്ല. ഇതിന് മുമ്പ് ഒരു രാഷ്ടപതിക്കും ഇവിടെ ഡി ലിറ്റ് കൊടുത്തട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ഉയര്‍ത്തിയ വിവാദത്തില്‍ ഗവര്‍ണ്ണറാണ് മറുപടി പറയേണ്ടത്. അതേസമയം പ്രതിപക്ഷത്ത് എപ്പോഴും അനൈക്യം ആണെന്നും, അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കട്ടേയെന്നും കോടിയേരി പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ ജനങ്ങളെ പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്തും. ജില്ലാ തലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ സ്വീകരിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.