റിസര്‍വ് ബാങ്കിന്റെ നീക്കങ്ങള്‍ വിലപ്പോവില്ല; സഹകരണ ബാങ്കില്‍ ഇടപെടാന്‍ അധികാരമില്ല; വെല്ലുവിളിച്ച് സഹകരണ യൂണിയന്‍ ചെയര്‍മാന്‍

കേരളത്തിലെ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേരും പദവിയും ഉപയോഗിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് നല്‍കിയ പരസ്യത്തിനെതിരെ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍.

ആര്‍ബിഐയുടെ നടപടി തെറ്റിധാരണ സൃഷ്ടിക്കാനാണ്. ഇതിനായാണ് എല്ലാ മാധ്യമങ്ങളിലുടെയും വ്യാപകമായി പരസ്യം നല്‍കിയത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് 1969ലെ 21ാം നമ്പര്‍ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ്. ആക്ടിലെ സെക്ഷന്‍ 3 പ്രകാരം കേരളത്തിലെ സഹകരണ സംഘങ്ങളുടെ മുഴുവന്‍ നിയന്ത്രണാധികാരവും സഹകരണ സംഘം റജിസ്ട്രാര്‍ക്കാണ്. കൂടാതെ സഹകരണം സംസ്ഥാന വിഷയമാണെന്നും അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ അധികാരമില്ലെന്നും അദേഹം വ്യക്തമാക്കി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള തന്ത്രമെന്ന നിലയിലാണ് സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന്് ആര്‍ബിഐ പറയുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

Read more

കേരളത്തിലെ സംഘങ്ങളിലെ 2.5 ലക്ഷം കോടിയുടെ നിക്ഷേപത്തില്‍ കണ്ണുവച്ചാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പുതിയ നീക്കം നടത്തിയിരിക്കുന്നത്. സംഘങ്ങളിലെ നിക്ഷേപത്തിന് സര്‍ക്കാരാണ് ഗാരന്റിയെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ബിഐയുടെ കുപ്രചാരണങ്ങളില്‍ സംഘങ്ങളിലെ നിക്ഷേപകര്‍ വീഴരുതെന്നും അദേഹം പറഞ്ഞു.