മനഃശാസ്ത്ര വിദഗ്ധനെ കാണണമെന്ന് അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി. പലതവണയായി ഉദ്യോഗസ്ഥരോട് ആവശ്യം അറിയിച്ചെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമവും തന്ത്രവുമാണെന്ന് സംശയമുള്ളതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജോളിയുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം ഉറങ്ങാനാകുന്നില്ലെന്നും ഓര്‍മ്മക്കുറവും വല്ലാതെയുണ്ടെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനെല്ലാം പരിഹാരമായാണ് മനോരോഗ വിദഗ്ധനെ കാണണമെന്ന് ജോളി ആവശ്യപ്പെടുന്നത്. സിലിക്കേസിലും, മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ജോളിയുടെ ആവശ്യം കാര്യമായെടുത്തിട്ടില്ല. നാലാമത്തെ കേസില്‍ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലില്‍ മടങ്ങിയെത്തുമ്പോള്‍ ജോളി വീണ്ടും ആവശ്യമറിയിച്ചിരുന്നു. ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറയോ കണ്ടാല്‍ തീരുന്ന പ്രശ്‌നങ്ങളല്ല തനിക്കുള്ളതെന്നും ജോളി ഉദ്യോഗസ്ഥരോട് വാദിച്ചു.. ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും നിലപാട്.
Read more
കുരുക്ക് മുറുകിയെന്ന് ഉറപ്പായപ്പോള്‍ രക്ഷപ്പെടാനുള്ള വഴി തേടുകയാണ് ജോളിയെന്ന് പൊലീസ്. അഭിഭാഷകന്റെ ഉപദേശം കൂടിയുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണസംഘം പറയുന്നു. തനിക്ക് പ്രയാസങ്ങളൊന്നുമില്ലെന്നാണ് ജഡ്ജിയോട് ജോളി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് പലപ്പോഴും നിസ്സഹകരണമാണ് ശൈലി. ഇത് ബോധപൂര്‍വമാണോ എന്ന സംശയമാണ് ബലപ്പെടുത്തുന്നത്