കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണു; നാല് സ്ത്രീകള്‍ക്ക് പരിക്ക്

കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകര്‍ന്ന്് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.

വയനാട് നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇവര്‍ രാവിലെയാണ് കോവളത്തെത്തുന്നത്. കടല്‍ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയില്‍ ഇരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ദുര്‍ബലമായ കൈവരി തകര്‍ന്ന് നാല് പേരും താഴെ കരിങ്കല്ല് വിരിച്ച ഭാഗത്തേക്ക് വീഴുകയായിരുന്നു.

Read more

ഇതില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമല്ല. ഹസീന, ആയിഷ, ആസിയ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.