കോഴിക്കോട് പന്ത്രണ്ടുകാരനെ കുത്തിവീഴ്ത്തി; കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് പന്ത്രണ്ട് വയസുകരാനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് സംഭവം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദ്‌നാന്‍ ആണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഒമ്പതരയോടെ ആണ് സംഭവം. അദ്‌നാന്റെ രണ്ടുകാലുകളിലും പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാട്ടുപന്നി തൊട്ടടുത്തുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് പന്നിയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എം പാനല്‍ ഷൂട്ടറെ നിയോഗിച്ച് വനം വകുപ്പ് പന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

Read more

അതേസമയം ജനവാസമേഖലകളില്‍ ഇറങ്ങി കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.