പുല്ലുപാറയില്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു; രണ്ടു പേരുടെ നില ഗുരുതരം; ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവര്‍

ഇടുക്കി പുല്ലു പാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരം. മാവേലിക്കരയില്‍നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 34 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ് മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവര്‍ പറയുന്നത്. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.

30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തില്‍ തങ്ങി നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സമീപത്ത് ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മോട്ടോര്‍ വാഹന വകുപ്പും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയില്‍ തിരിച്ച് എത്തേണ്ടതായിരുന്നു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.