പക്ഷാഘാതത്തില്‍ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും ബസ് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ചു; ചികിത്സയിലിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി കെ സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്.

48 യാത്രക്കാരും കണ്ടക്ടറുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നവംബര്‍ 20നുണ്ടായ സംഭവത്തെ തുടര്‍ന്ന് സിഗീഷ് ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. ബസ് ഓടിക്കുന്നതിനിടെ കുന്നംകുളത്ത് വെച്ചാണ് സിഗീഷ് ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞു വീണത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിരുന്നു. എങ്കിലും ബസ് സുരക്ഷിതമായി റോഡ് അരികില്‍ നിര്‍ത്തി. താമരശ്ശേരിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോവുകയായിരുന്നു ബസ്.

ബസ് നിര്‍ത്തി, കുഴഞ്ഞുവീണപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായ വിവരം ബസിലുള്ളവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോടുള്ള ഒരു ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിപ്പോയിലെ രണ്ട് ബസുകളിലായി വിനോദയാത്ര പോയത്.