225 കോടി വരുമാനം; ചില്ലിക്കാശ് ശമ്പളം നല്‍കിയില്ല; മകരവിളക്കിന് ബസുകള്‍ വഴിയിലിടാന്‍ ജീവനക്കാര്‍; മന്ത്രിക്കും പുല്ലുവില; കെ.എസ്.ആര്‍.ടി.സിയില്‍ പൂട്ടല്‍ പൊട്ടിത്തെറി

പുതുവര്‍ഷത്തിലും കെഎസ്ആര്‍ടി ജീവനക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോര്‍പറേഷനും സംസ്ഥാന സര്‍ക്കാര്‍. പുതുവര്‍ഷം പിറന്ന് ദിവസം 12 കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം കിട്ടാതെ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്. ശബരിമല വരുമാനത്തില്‍ റെക്കോഡ് ഇട്ടുവെന്നു അവകാശപ്പെടുന്ന കോര്‍പറേഷന്‍ ഡിസംബറിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതില്‍ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം പുകയുകയാണ്. അസംപ്തൃപ്തരായ ജീവനക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നതിനാല്‍ മകരവിളക്ക് സ്‌പെഷല്‍ സര്‍വീസുകള്‍ കാര്യക്ഷമമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതിനിടയില്‍, നൈറ്റ് അലവന്‍സ്, ഇന്‍സന്റീവ് ബാറ്റ എന്നിവ ബാങ്ക് അക്കൗണ്ട് വഴിയാക്കിയതു ജീവനക്കാര്‍ക്ക് ഇരുട്ടടിയായി. 9ാം തീയതി മുതലാണു അലവന്‍സുകള്‍ ബാങ്ക് വഴിയാക്കിയത്. മിക്കവര്‍ക്കും ലോണ്‍ ബാധ്യതയുള്ളതിനാല്‍ പണം അക്കൗണ്ടില്‍ വരുന്നതോടെ ബാങ്ക് പിടിക്കുന്നതിനാല്‍ കൈക്കാശിനു പോലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട ഗതികേടാണുള്ളത്.

ശമ്പളം ലഭിച്ചില്ലെങ്കില്‍, മകരവിളക്കുദിവസം സ്‌പെഷ്യല്‍ സര്‍വീസ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ജീവനക്കാരുടെ ഇടയില്‍ ധാരണയായിട്ടുണ്ട്. ഇക്കുറി മകരളവിളക്ക് ദിവസം കെഎസ്ആര്‍ടിസി 1000 അധികബസുകള്‍ എത്തിക്കാനാണ് ഉദേശിക്കുന്നത്. എന്നാല്‍, ഇത്രയും ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തുമോയെന്ന് കോര്‍പറേഷന് ആശങ്കയുണ്ട്.

നിലവിലുള്ള ബസുകള്‍ക്കുപുറമെ ആയിരം ബസുകള്‍കൂടി അധികമെത്തിക്കാനാണ് കെഎസ്ആര്‍ടിസി ഉദേശിക്കുന്നത്. . ശനി രാവിലെ ബസുകളെത്തും. ത്രിവേണിയില്‍നിന്നാരംഭിക്കുന്ന ചെയിന്‍ സര്‍വീസ് ഹില്‍ടോപ്പുചുറ്റി നിലയ്ക്കല്‍ വരെയുണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ ആറാമത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നൂറ് ബസുകള്‍ ക്രമീകരിക്കും. ചെയിന്‍ സര്‍വീസിന്റെ ആദ്യ റൗണ്ടില്‍ നാനൂറ് ബസുകളുപയോഗിക്കും. രണ്ടാം റൗണ്ട് മുതല്‍ തീര്‍ഥാടകരുടെ എണ്ണം കണക്കാക്കി ബസുകള്‍ ക്രമീകരിക്കും.

ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. നിലയ്ക്കല്‍മുതല്‍ ഇലവുങ്കല്‍വരെയുള്ള ഭാഗത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി അമ്പത് ബസുകള്‍ സജ്ജമാക്കും. പമ്പയില്‍നിന്ന് ദീര്‍ഘദൂര സര്‍വീസ് ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകള്‍ പമ്പയിലേക്കെത്തിക്കും. തുലാപ്പിള്ളി, ചെങ്ങന്നൂര്‍, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളില്‍ ക്രമീകരിച്ച് നിര്‍ത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് ആരംഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുകയാണ്. അതിനാല്‍ തന്നെ ഇത്രയും സര്‍വീസ് തുടര്‍ച്ചയായി 24 മണിക്കൂറും ഓപ്പറേറ്റ് ചെയ്യാനുള്ള ആള്‍ബലം ഉണ്ടാകുമോയെന്ന് കെഎസ്ആര്‍ടിസിക്ക് ആശങ്കയുണ്ട്.

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി സിഐടിയു സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്ക് നീണ്ടിരിക്കുകയാണ്. ഗതാഗത മന്ത്രി പറഞ്ഞ വാക്കിന് വല്ല വിലയും ഉണ്ടോയെന്നും കുറുപ്പിന്റെ ഉറപ്പാണോ മന്ത്രിയുടേതെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. . സെപ്റ്റംബര്‍ 5ന് മുഖ്യമന്ത്രി ഇടപെട്ട് തീരുമാനിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുക, ശമ്പളം എല്ലാം മാസവും 5നു മുന്‍പ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി നിലനിര്‍ത്തണമെങ്കില്‍ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മയ്ക്ക് അറുതി വരുത്തണമെന്ന് ആനത്തലവട്ടം താക്കീത് നല്‍കിയിരുന്നു. എന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സര്‍ക്കാര്‍.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തില്ലെങ്കില്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ മാസത്തിലെ ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ ടിഡിഎഫ് സംസ്ഥാന നേതാക്കളായ എസ്.കെ.മണി, ബിജു ജോണ്‍ എന്നിവര്‍ ചീഫ് ഓഫിസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ബസുകള്‍ വാങ്ങാത്തതും റൂട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ് അദ്ദേഹം പറഞ്ഞു.

Read more

ഡിസംബറില്‍ 225 കോടിയുടെ റെക്കോര്‍ഡ് വരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് കെഎസ്ആര്‍ടിയുടെ അവകാശവാദം. എന്നാല്‍, ഇതില്‍ നിന്ന് എടുത്ത് ഒരു രൂപപോലും ശമ്പളം നല്‍കാന്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് മാനേജ്‌മെന്റ് പാലിക്കാത്തതിനെതിരെ സിഐടിയു ജനുവരി നാലു മുതല്‍ സമരം ആരംഭിച്ചിട്ടുണ്ട്.