ബസിനടിയില്‍ കിടന്നുറങ്ങിയ ശബരിമല തീര്‍ത്ഥാടകരുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. ആന്ധ്രാപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി, സൂര്യ ബാബു എന്നിവരുടെ കാലിലൂടെയാണ് ബസ് കയറിയത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5ന് ആയിരുന്നു സംഭവം നടന്നത്. ഇലവുങ്കല്‍-പമ്പ റോഡില്‍ തുലാപ്പള്ളിയിലാണ് അപകടം സംഭവിച്ചത്. തീര്‍ത്ഥാടകരുടെ തിരക്കിനെ തുടര്‍ന്ന് മണിക്കൂറുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടിരുന്നു. ആന്ധ്രാ സ്വദേശികളെത്തിയ വാഹനവും തിരക്കിനെ തുടര്‍ന്ന് നിറുത്തിയിട്ടിരുന്നു. ഈ സമയം സായി മഹേഷും സൂര്യ ബാബുവും ബസില്‍ നിന്നിറങ്ങി വാഹനത്തിന് കീഴില്‍ കിടന്നുറങ്ങുകയായിരുന്നു.
Read more
ഇരുവരും ബസിന് അടിയില്‍ ഉറങ്ങുന്നത് അറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം നിലയ്ക്കലിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.