പുരുഷന്മാര്‍ക്ക് മാത്രം: റമദാനില്‍ കെഎസ്ആര്‍ടിസിയുടെ തീര്‍ഥയാത്ര; സ്ത്രീകള്‍ക്ക് പുണ്യം വേണ്ടേയെന്ന് വിമര്‍ശകര്‍; സമൂഹമാധ്യമത്തില്‍ ചേരിതിരിഞ്ഞ് പോര്

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി റമദാനില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസിയുടെ തീര്‍ഥയാത്ര. സ്ത്രീകള്‍ക്ക് ബസുകളില്‍ പ്രവേശനമില്ലെന്ന് വ്യക്തമാക്കി നടത്തുന്ന തീര്‍ത്ഥയാത്രക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

‘പുണ്യ പൂക്കാലം ധന്യമാക്കാന്‍ മഹാന്മാരുടെ ചാരത്ത്’ എന്ന പേരില്‍ മാര്‍ച്ച് 20 ന് മലപ്പുറം ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മഖാമുകള്‍ സന്ദര്‍ശിച്ച് നോളജ് സിറ്റിയില്‍ ഇഫ്ത്താറും (നോമ്പുതുറ) തറാവീഹും (രാത്രിനമസ്‌ക്കാരം) ഒരുക്കും. ഓമാനൂര്‍ ശുഹദാ മഖാം, ശംസുല്‍ ഉലമ മഖാം, വരക്കല്‍ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം, നോളജ് സിറ്റി എന്നിവടങ്ങളിലേക്കാണ് തീര്‍ത്ഥാടന യാത്ര.

രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9400128856, 8547109115 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയ റിലീസില്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയുടെ പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള യാത്രക്കെതിരെ മുസ്ലീം യുവാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് മാത്രം മതിയോ പുണ്യമെന്നും, ഭരണഘടന സ്ഥാപനം ഇങ്ങനെ ഒരു വേര്‍തിരിവ് കാണിക്കുന്നത് ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Read more

കെഎസ്ആര്‍ടിസിയുടെ ഈ സംരംഭത്തെ പിന്തുണച്ചും ചിലര്‍ രംഗത്തെയിട്ടുണ്ട്. ഇതു മതപരമായ പ്രശ്‌നമാണെന്നും വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശവുമില്ലെന്നും ഇവര്‍ വാദിക്കുന്നു. കെഎസ്ആര്‍ടിസി കോഴിക്കോട് യൂണിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇരുവിഭാഗവും ചേരിതിരിഞ്ഞുള്ള പോരാണ് നടക്കുന്നത്.