കെ.വി തോമസ് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍; മുഖ്യാതിഥി സ്റ്റാലിന്‍, അച്ചടക്ക നടപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്‌

സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കെ വി തോമസ് ഇന്ന് പങ്കെടുക്കും. കേന്ദ്രവും സംസ്ഥാനങ്ങളും എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സെമിനാര്‍ നടക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരിപാടിയിലെ മുഖ്യാതിഥി.

സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകള്‍ക്കായാണ് രാഷ്ട്രീയ കേരളം കാതോര്‍ത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.

പാര്‍ട്ടിയുടെ വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് തോമസിനെതിരെ അച്ചടക്ക നടപടിയില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുത്തേക്കും. അതേ സമയം അച്ചടക്ക നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസുകാരനായി തുടരും. സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് എന്നുമാണ് കെവി തോമസിന്റെ പ്രതികരണം.

ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. ഇന്നലെ രാത്രിയോടെയാണ് സെമിനാറില്‍ പങ്കെടുക്കുന്നതിനായി കെ വി തോമസ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്.