ഷിരൂരിലെ മണ്ണിടിച്ചില്‍; നദിയില്‍ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ ബൂം യന്ത്രം എത്തിച്ചു

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു. ഗംഗാവലി നദിയിലാണ് അര്‍ജുന് വേണ്ടി ഇന്ന് തിരച്ചില്‍ നടത്തുക. നദിയില്‍ ആഴത്തില്‍ തിരച്ചില്‍ നടത്താനുള്ള ബൂം യന്ത്രം ഷിരൂരിലെത്തിച്ചിട്ടുണ്ട്. 60 മീറ്ററോളം ആഴത്തില്‍ നദിയില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്നതാണ് ബൂം യന്ത്രം.

ബെലഗാവിയില്‍ നിന്നാണ് ബൂം യന്ത്രം ഷിരൂരിലെത്തിച്ചത്. കരയില്‍ നിന്ന് പുഴയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നതാണ് ബൂം യന്ത്രം. ബൂം യന്ത്രം എത്തിക്കുന്ന വാഹനം തകരാറിലായതിനെ തുടര്‍ന്നാണ് യന്ത്രം സ്ഥലത്തെത്തിക്കാന്‍ വൈകിയത്. ഇന്നലെ സിഗ്‌നല്‍ കണ്ടെത്തിയ പുഴയിലെ മണ്‍കൂനയില്‍ ഇന്ന് വിശദമായി പരിശോധന നടത്തും.

ആഴത്തില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഇന്ന് എത്തിക്കും. നേവിയുടെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചാണ് ഗംഗാവലിയുടെ ആഴങ്ങളില്‍ ഇന്നലെ പരിശോധന നടത്തിയത്. പുഴയിലെ തിരച്ചില്‍ ദുഷ്‌കരമായി തുടരുന്നുവെങ്കിലും, ഗംഗാവലിയിലെ മണ്‍കൂനയില്‍ സൈന്യത്തിന്റെ റഡാര്‍ പരിശോധനയില്‍ ലഭിച്ച പുതിയ സിഗ്‌നല്‍ വീണ്ടും പ്രതീക്ഷ നല്‍കുകയാണ്.

അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവര്‍ ഇന്ന് മറുപടി അറിയിക്കും. ഇതുവരെയുള്ള രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.