പി.എസ്‍.സി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂല തീരുമാനം എടുത്തേക്കും

ആഴക്കടൽ മത്സ്യബന്ധന വിവാദവും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂല തീരുമാനമെടുക്കാൻ സാദ്ധ്യത. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ നിയമനത്തിനായി പുതിയ തസ്തികകൾ വേഗത്തിൽ കണ്ടെത്താനും പുനർവിന്യാസം വഴി 235 തസ്തികകൾ കണ്ടെത്താനുള്ള ശിപാർശ ആഭ്യന്ത സെക്രട്ടറി ഇന്നലെ സർക്കാരിന് നൽകിയിരുന്നു.

സമരം ചെയ്യുന്ന ദേശീയ ഗെയിംസ് ജേതാക്കളുടെ ജോലിയിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കായിക വകുപ്പ് അറിയിച്ചത്. രണ്ട് തീരുമാനങ്ങളും രേഖാമൂലം വന്നാൽ ഇരുവിഭാഗവും സമരം നിർത്തും. അതേസമയം റാങ്ക് ലിസ്റ്റിൻ്റെ കാലാവധി തീർന്ന സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എൽജിഎസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചാൽ യൂത്ത് കോൺഗ്രസും സമരം തുടരാനിടയില്ല. രാഹുൽ ഗാന്ധി ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചതോടെ പ്രശ്നം ദേശീയ ശ്രദ്ധയിലുമെത്തി കഴിഞ്ഞു.

നിയമനം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാരസമരം സെക്രട്ടേറിയറ്റ് നടയില്‍ തുടരുകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സമരത്തിനാധാരമായ ആവശ്യങ്ങളില്‍മേല്‍ തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. കഴിഞ്ഞദിവസം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചേക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്