തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എൽഡിഎഫ്, മൂന്നിടത്ത് ബിജെപി

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. തച്ചമ്പാറക്ക് പുറമേ തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാംവാർഡ് കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസ് എം പിടിച്ചെടുത്തു. കൊല്ലം കുന്നത്തൂർ പഞ്ചായത്ത് അഞ്ചാംവാർഡ് ബിജെപിയിൽ നിന്ന് പിടിച്ച് എൽഡിഎഫ്. കൊല്ലം ഏരൂർ പഞ്ചായത്തിലെ പതിനേഴാം വാർഡ് എൽഡിഎഫ് നിലനിർത്തി. ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഡിവിഷനിൽ യുഡിഎഫിന് വിജയം. കൊല്ലം പടിഞ്ഞാറെ കല്ലടയിൽ അ​ഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

കൊടുങ്ങല്ലൂർ നഗരസഭ 41–ാം വാർഡ് എൻഡിഎ നിലനിർത്തി. ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ദീപക് എരുവ വിജയിച്ചു. കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിൽ യുഡിഎഫിന് വിജയം. പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുജിത 104 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് ഭരണം നിലനിർത്തി.

Read more

പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ കോളോട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ മുരളീധരൻ 108 വോട്ടിനു വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി.