ലോകായുക്ത വാര്‍ത്താക്കുറിപ്പ് ഇറക്കി സ്വയം അപഹാസ്യരായി; വിശദീകരണം അസാധാരണം; ആഞ്ഞടിച്ച് വി.ഡി സതീശന്‍

വാര്‍ത്താക്കുറിപ്പിറക്കിയ ലോകായുക്തയുടെ നടപടി അസാധാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയെന്ന കേസിലെ ആരോപണങ്ങളില്‍ വാര്‍ത്താകുറിപ്പിറക്കിയ നടപടി അസാധാരണമാണ്. ആക്ഷേപങ്ങള്‍ക്കുള്ള മറുപടി വിശദീകരണത്തിലില്ല. വാര്‍ത്താക്കുറിപ്പിറക്കി ലോകായുക്ത സ്വയം അപഹാസ്യരായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിരോധാഭാസമാണ്. അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസ് വിവാദത്തില്‍ വിശദീകരണവുമായി ലോകായുക്ത ഇന്നലെ രംഗത്തെത്തിയിരിന്നു. വിധിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ലോകായുക്ത രംഗത്തെത്തിയിരിക്കുന്നത്. ഭിന്നവിധി ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദമാക്കി. അസാധാരണ വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് വിശദീകരണം. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിര്‍ബന്ധമില്ല. വിധി വിശദീകരിക്കാന്‍ നിയമപരമായി ബാദ്ധ്യതയില്ലെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ ലോകായുക്ത ന്യായീകരിക്കുന്നത്.

Read more

മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെയും ലോകായുക്ത ന്യായീകരിക്കുന്നുണ്ട്. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നില്‍ പങ്കെടുത്താല്‍ അനൂകൂല വിധിയെന്ന ചിന്ത അധമമാണ്. പരാതിക്കാരനെതിരായ പേപ്പട്ടി പരാമര്‍ശം കുപ്രചാരണമാണ്. പരാതിക്കാരും കൂട്ടാളികളും സമൂഹ മാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു. കക്ഷികളുടെ ആഗ്രഹവും താത്പര്യവും അനുസരിച്ച് ഉത്തരവിടാന്‍ കിട്ടില്ലെന്നും ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദമാക്കിയിരുന്നു.