നിയമപ്രകാരം മാത്രമേ ഫോണ്‍ ചോര്‍ത്താനാകൂ; ചെന്നിത്തലയുടെ ആരോപണത്തിന് എതിരെ ഡി.ജി.പി

നിയമപ്രകാരമല്ലാതെ പൊലീസ് ഫോണ്‍ ചോര്‍ത്താറില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ കാര്യത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരണം ഫോണ്‍ ചോര്‍ത്താനാകുന്നത്. അല്ലാതെ ആരുടെയും ഫോണ്‍ ചോര്‍ത്താറില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുവെന്ന് ആരോപണംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. തന്റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്.

ഇത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. ഇതിനായി ആവശ്യമെങ്കില്‍ വിദേശത്ത് പരിശോധന നടത്തുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.