മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് വിമർശിച്ച് കോൺഗസ് നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയമായിരുന്നു മുനമ്പം എന്നും വിഷയം പരിഹരിക്കാൻ ഗവൺമെൻറ് ആണ് ശ്രമിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുനമ്പം വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണെന്നും ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള സാഹചര്യം സർക്കാർ ഇനിയെങ്കിലും ഒഴിവാക്കണം. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല.
സർക്കാർ ചർച്ചയിലൂടെ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐഎൻടിയുസിക്ക് ഒരു നിലപാട് പാർട്ടിക്ക് മറ്റൊരു നിലപാട് ഈ രീതിയിൽ പോകാൻ കഴിയില്ല. പാർട്ടി നേതൃത്വം നടപടി എടുത്തിട്ടുണ്ട്. നടപടിയെടുത്തതിൽ യാതൊരു തെറ്റുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.
ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും, സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ആശാ സമരത്തിനെതിരായ ഐഎൻടിയുസി നിലപാടിൽ കോൺഗ്രസ് തീരുമാനമെടുത്താൽ അതിനു മേലെ പറയാനുള്ള അധികാരം ഒരു പോഷക സംഘടനയ്ക്കും നൽകിയിട്ടില്ലെന്നും കെ മുരളീധരൻ കൂട്ടിചേർത്തു. കോൺഗ്രസ് അധ്യക്ഷൻ നിലപാടെടുത്താൽ അതാണ് പാർട്ടി നിലപാട്.
ആശാ സമരത്തിൽ പ്രതിപക്ഷ നേതാവും, വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അടക്കമുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്നും അതിൻ്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷൻ താക്കീത് നൽകിയത് എന്നും കെ മുരളീധരൻ വ്യക്തമാക്കി. സിപിഐഎം സമര പാരമ്പര്യം തന്നെ മറന്നു പോയെന്നും കെ മുരളീധരൻ കൂട്ടി ചേർത്തു.