മാസപ്പടി കേസിൽ സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അതേസമയം കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും.
സിഎംആർഎൽ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ഗീരീഷ് കപ്താൽ ചോദിച്ചു.
എന്നാൽ മുൻ ഉറപ്പ് അന്വേഷണ എജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിനായി ഓൺലൈനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപിൽ സിബൽ പറഞ്ഞു. കേസില്‍ കൊച്ചിയിലെ കോടതിയില്‍ തുടർനടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും പ്രതി ചേർത്തത്. വീണയെയും സിഎംആർഎൽ മേധാവി ശശിധരൻ കർത്തയെയും ബോർഡ് അംഗങ്ങളെയും വിചാരണ ചെയ്യാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ് എഫ് സി ഒക്ക് അനുമതി നൽകിയത്. സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. സി എം ആറിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും വീണയും ഹെക്സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തൽ. സേവനമില്ലതെ പണം കൈപറ്റിയതിനാണ് വീണക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.