കുഴല്‍പ്പണം മുതല്‍ ട്രേഡിങ് വരെ; കടം ചോദിക്കുന്നവര്‍ക്കൊക്കെ വാരിക്കോരി നല്‍കും; ഓണ്‍ലൈന്‍ റമ്മിയും ആഢംബര കാറുകളും പ്രിയം; മണപ്പുറത്തിന്റെ 20 കോടി തട്ടിയതില്‍ നിഗൂഢതകള്‍ ബാക്കി

മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യ മോഹന്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് ട്രേഡിങ് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. ധന്യയുടെ പേരില്‍ മാത്രം അഞ്ച് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഇവര്‍ ആഢംബര ജീവിതം നയിക്കാന്‍ വിനിയോഗിച്ചിരുന്നതായാണ് വിവരം.

ധന്യ മോഹന്‍ മണപ്പുറം ഗ്രൂപ്പില്‍ നിന്ന് തട്ടിയെടുത്ത പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പണമെത്തിയ ധന്യയുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആറ് ആഢംബര കാറുകളാണ് ധന്യയുടെ പേരിലുള്ളത്.

കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ധന്യ ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോം വഴിയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു തവണ ഇടപാടിനായി സ്ഥാപനത്തിലെത്തുന്ന ഇടപാടുകാരന് തുടര്‍ന്നുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിച്ചിരുന്നു.

ഇത് മറയാക്കിയാണ് ധന്യ തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ഇത്തരത്തില്‍ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്ത പണം പലര്‍ക്കും വായ്പ നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. വായ്പ നല്‍കിയ പണം സാവധാനം തിരിച്ചുതന്നാല്‍ മതിയെന്നായിരുന്നു ധന്യ വായ്പ സ്വീകരിച്ചവരോട് പറഞ്ഞിരുന്നത്.

തട്ടിയെടുത്ത പണം വിദഗ്ധമായി ഒളിപ്പിക്കാനുള്ള രീതിയായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യയെ ശനിയാഴ്ച പുലര്‍ച്ചെ വലപ്പാട് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്.