അർജുനായി പുഴയിലിറങ്ങി മൽപേയും സംഘവും; കാലാവസ്ഥയുടെ പേരിൽ രക്ഷാദൗത്യത്തിൽ നിന്ന് പിന്മാറരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ച് നാവികസേനയും പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘവും. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഇവർ സംയുക്തമായി തിരച്ചിൽ തുടങ്ങിയിരിക്കുകയാണ്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ഷിരൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

പുഴയുടെ ഒഴുക്ക് നേരിയ തോതിൽ കുറഞ്ഞെന്നും രണ്ടു പോയിന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും ഈശ്വർ മൽപെ അറിയിച്ചു. ഈശ്വർ മൽപേയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘത്തിനു മുന്നിൽ ശക്തമായ ഒഴുക്ക് കഴിഞ്ഞ ദിവസം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയെന്ന് ഈശ്വർ മാൽപെ പറയുന്നു. ഒരു പോയിന്റിൽ കുറേ തടിക്കഷ്ണങ്ങൾ കണ്ടെത്തിയതായും ഈശ്വർ മാൽപെ പറഞ്ഞു. സ്റ്റേ വയറിനൊപ്പമാണ് തടിക്കഷ്ണങ്ങൾ കണ്ടെത്തിയതെന്ന് ഈശ്വർ മാൽപെ പറയുന്നു..

ഷിരൂരിലെ ദൗത്യം കാര്യക്ഷമമായി തുടരണമെന്ന് കർണാടക സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചു. അതേസമയം, ​ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.

അതിനിടെ, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങിൽ ഒരു കാര്യം പറയുകയും പിറ്റേന്ന് അതിൽ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. പാൻടൂണ്‍ കൊണ്ടു വരുന്ന കാര്യത്തിൽ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള കൂടുതൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം. നേവൽ ബേസിൻ സംവിധാനത്തിലെ കൂടുതൽ സാധ്യതകൾ ഉണ്ട്. കർണാടക മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവർത്തനത്തിന്‍റെ വിവരങ്ങൾ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.