മണിപ്പൂർ ഐക്യദാർഢ്യറാലിയിൽ പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് ലീഗ്. മുദ്രാവാക്യം വിളിച്ചയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും. സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംഘടനുടെ ലേബലിൽ ഒരു വ്യക്തി നടത്തിയ അപരാധത്തിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ് അറിയിച്ചു. സംഘടനയ്ക്കുവേണ്ടി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
കാസർകോഡ് കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെയാണ് ലീഗ് പ്രവർത്തകൻ അബ്ദുൽ സലാം വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇന്നലെ വൈകുന്നേരമാണ് കാഞ്ഞങ്ങാട് മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത്. ഈ റാലിക്കിടെയായിരുന്നു പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു.
Read more
സലാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് വാർത്താകുറിപ്പിൽ പറയുന്നു. നടപടി വിശദമാക്കുന്ന കുറിപ്പ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കാഞ്ഞങ്ങാട്ടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്.