മരടിൽ രണ്ട് ഫ്ലാറ്റുകളും തകർത്തു, എച്ച് 2 ഒ തകർത്തത് 11.17 ന്, നിമിഷങ്ങൾക്കകം ആൽഫാ സെറിനും വീണു, ഗതാഗതം പുനഃസ്ഥാപിച്ചു

മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ എച്ച് ടു ഒ ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. രാവിലെ  11.17ന് ആയിരുന്നു സ്‌ഫോടനം. മൂന്നു സൈറണുകളും മുഴങ്ങി സെക്കന്റുകള്‍ക്കകം തന്നെ സ്‌ഫോടനം നടന്നു. നിശ്ചിത സമയത്തിനും 15 മിനിറ്റ് വൈകിയാണ് സ്‌ഫോടനം നടന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള കുണ്ടന്നൂര്‍-തേവര പാലത്തിലേക്ക് ചെറിയ തോതില്‍ അവശിഷ്ടങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ പൊടിപടലം നിയന്ത്രിക്കുന്നതിന് ഫയര്‍ എഞ്ചിനുകള്‍ വെള്ളം പമ്പ് ചെയ്യുകയാണ്.

നൂറ് കണക്കിനാളുകൾ ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. 200 മീറ്റർ ചുറ്റളവിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. രാവിലെ എട്ടു മുതൽ ഈ പ്രദേശത്ത് പൊലീസ് ആക്ട് പ്രകാരം 144 പ്രഖ്യാപിച്ചിരുന്നു.  ഇന്ന് പൊളിക്കുന്ന രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സെറിന്‍ തകര്‍ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും.

രാവിലെ തന്നെ ഈ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളിലും ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡിറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് സ്ഫോടനം നിയന്ത്രിക്കുന്നത്.