വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ രാജ്യത്ത് നടന്നത് ഭൂമി കൊള്ളയാണെന്നും വഖഫിന്‍റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തുവെന്നും നരേന്ദ്ര മോദിപറഞ്ഞു. പട്ടിക വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് മതമൗലികവാദികളെ പ്രീണിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. വഖഫിന്‍റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്രദമാകുമായിരുന്നു. എന്നാൽ ഈ സ്വത്തുക്കളിൽ നിന്ന് ഭൂമാഫിയയാണ് ലാഭം നേടിയത്. ഈ ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി ഹരിയാനയിലെ ഹിസാറില്‍ പറഞ്ഞു.