IPL 2025: മോശം ഫോമിൽ ഉള്ളപ്പോൾ തന്നെ ഞാൻ ഇടുന്ന റെക്കോഡ് നിനക്ക് ഒന്നും താങ്ങാൻ പറ്റുന്നില്ല, അപ്പോൾ നല്ല ഫോമിൽ ആയിരുന്നെങ്കിലോ; ധോണിയെയും തകർത്ത് അതുല്യ നേട്ടം സ്വന്തമാക്കി രോഹിത്

ഐപിഎല്ലിന്റെ നിലവിലെ പതിപ്പിൽ രോഹിത് ശർമ്മയുടെ ബാറ്റ് ഇതുവരെ ശബ്‌ദിക്കാൻ തുടങ്ങിയിട്ടില്ല. എന്നിരുന്നാലും, ഡൽഹി ക്യാപിറ്റൽസിനെതിരെ 18 റൺസ് നേടിയതോടെ മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ടൂർണമെന്റിൽ പുതിയ ഒരു ചരിത്രം സൃഷ്ടിച്ചു. രോഹിത് ക്യാപിറ്റൽസിനെതിരെ 12 പന്തിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് 18 റൺ നേടിയത്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നേടുന്ന അമ്പതാമത്തെ സിക്‌സും ഇന്നലെ പിറന്നു. മുമ്പൊരു ഇന്ത്യൻ താരവും ഒരേ ടീമിനെതിരെ ഈ അതുല്യ നേട്ടം കുറിച്ചിട്ടില്ല.

എന്നാൽ ഇന്ത്യൻ താരങ്ങളിൽ രോഹിത് മുന്നിൽ എത്തിയെങ്കിലും രോഹിത്തിന് മുമ്പ് ഇങ്ങനെ ഒരു നേട്ടം സ്വന്തമാക്കിയത് മറ്റൊരു ഇതിഹാസമാണ്, സാക്ഷാൽ ക്രിസ് ഗെയ്ൽ തന്നെ. പഞ്ചാബിനെതിരെ 61 സിക്സറുകളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 54 സിക്സുകളുമാണ് ക്രിസ് ഗെയ്ൽ നേടിയത്. ഐപിഎല്ലിൽ വ്യത്യസ്ത സമയങ്ങളിലായി ആർ‌സി‌ബിക്ക് പുറമെ അദ്ദേഹം ഈ 2 ടീമുകളിലും കളിച്ചിട്ടുണ്ട് എന്നും ശ്രദ്ധിക്കണം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 49 സിക്സറുകളുള്ള എം‌എസ് ധോണിയെയാണ് രോഹിത് പിന്നിലാക്കിയത്.

ഐപിഎല്ലിൽ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ

61 – ക്രിസ് ഗെയ്ൽ vs പിബികെഎസ്

54 – ക്രിസ് ഗെയ്ൽ vs കെകെആർ
50 – രോഹിത് ശർമ്മ vs ഡിസി*
49 – എംഎസ് ധോണി vs ആർസിബി
44 – എബി ഡിവില്ലിയേഴ്‌സ് vs കെഎക്സ്ഐപി, ക്രിസ് ഗെയ്ൽ vs മുംബൈ, കീറോൺ പൊള്ളാർഡ് vs സിഎസ്‌കെ, ഡേവിഡ് വാർണർ vs ആർസിബി

ഐപിഎല്ലിൽ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ

50 – രോഹിത് ശർമ്മ vs ഡിസി*
49 – എംഎസ് ധോണി vs ആർസിബി
43 – വിരാട് കോഹ്‌ലി vs സിഎസ്‌കെ, കെഎൽ രാഹുൽ vs ആർസിബി
41 – രോഹിത് ശർമ്മ vs കെകെആർ

ടൂർണമെന്റിൽ ഇതുവരെ 0, 8, 13, 17, 18 എന്നീ സ്കോറുകൾ നേടിയിട്ടുള്ള രോഹിത്തിന് ഇതുവരെ തന്റെ മികവ് കാണിക്കാൻ പറ്റിയിട്ടില്ല.