മരട് നഗരസഭാ അദ്ധ്യക്ഷയ്‌ക്കെതിരെ നാട്ടുകാരുടെ ഉപരോധം; പ്രദേശത്ത് പൊടിശല്യം രൂക്ഷം; വീടുകളിലേക്ക് മടങ്ങാനാകുന്നില്ലെന്നും പരാതി

മരട് നഗരസഭാ ചെയര്‍പേഴ്‌സണെതിരെ നാട്ടുകാരുടെഉപരോധം. ഫ്‌ളാറ്റ് പൊളിക്കലിന് ശേഷം പ്രദേശത്ത് പൊടിശല്യം രൂക്ഷമായതാണ് കാരണം. പൊടി കാരണം വീടുകളിലേക്ക് മടങ്ങാനാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേ സമയം പൊളിക്കലിനുള്ള കരാറെടുത്ത കമ്പനിക്കാണ് പൊടി ശല്യം പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ മരടില്‍ പുരോഗമിക്കുകയാണ്.

തീരദേശ പരിപാലന ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശച്ച മരടിലെ നാല് ഫ്ളാറ്റുകളും കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് പൊളിച്ചു മാറ്റിയിരുന്നു. ആല്‍ഫ സറിന്‍, എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍കോവ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് നിലംപൊത്തിയത്.

ഫ്ലാറ്റുകളുടെ പൊളിക്കല്‍ പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി എം.ഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു. മറ്റ് കെട്ടിടങ്ങള്‍ക്കൊന്നും ചെറിയ വിളളല്‍ പോലുമുണ്ടായിട്ടില്ല. സിറോ ഡാമേജ് എന്ന നിലവാരം ഉറപ്പാക്കാനായിട്ടുണ്ട്. എഡിഫസ് പൊളിച്ച എച്ച്.ടു.ഒ, ജെയിന്‍, ഗോള്‍ഡന് കായലോരം എന്നിവയുടെ അവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം നീക്കാനാകുമെന്നും ഉത്കര്‍ഷ് മേത്ത പറഞ്ഞു.