ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തി, സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വൃക്ഷങ്ങൾ മോഷ്‌ടിച്ചു; ക്രൈംബ്രാഞ്ച് കുറ്റപത്രം

സംസ്ഥാനത്ത് റവന്യൂ ഉത്തരവ് ദുരുപയോഗം ചെയ്‌ത് വ്യാപകമായി മരംകൊള്ള നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. വലിയ തോതില്‍ സാമ്പത്തിക വെട്ടിപ്പും ഇതിൽ നടന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണ് മരംമുറിയെന്നാണ് ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍ നോട്ടം വഹിക്കുന്ന ഉന്നതതല അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഗൂഢാലോചനയും മോഷണവുമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഈ മാസം 15-നാണ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുവരെയുള്ള മരംമുറിയാണ് സംഘം അന്വേഷിക്കുന്നത്. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വൃക്ഷങ്ങൾ മോഷ്‌ടിച്ചു. പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം മുറി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. അതേ സമയം രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണത്തിന്റെ സൂചന എഫ്‌.ഐ.ആറില്‍ ഇല്ല.

അന്വേഷണം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ സ‌്‌റ്റേഷനുകളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത മരംമുറി കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ ആദ്യ അന്വേഷണം. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരം കൂടി കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.