പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണേ ദേവി; മണിമുഴക്കി പ്രാര്‍ത്ഥിച്ച് സന്ദീപാനന്ദഗിരി

ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താത്തതിന്റെ പശ്ചാത്തലത്തില്‍ അമ്പലത്തില്‍ മണിമുഴക്കി പ്രാര്‍ത്ഥിച്ച് സ്വാമി സന്ദീപാനന്ദഗിരി. അല്‍മോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാര്‍ത്ഥന. ഇതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്ത്യന്‍ നീതിന്യായ കോടതികള്‍ക്കുള്ള വെല്ലുവിളികൂടിയായാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നത്. കേരളാ പോലീസിന് അന്വേഷിച്ച് കാണ്ടെത്താന്‍ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണേ ദേവി’, എന്ന് പ്രാര്‍ത്ഥിച്ചാണ് മൂന്നുതവണ സന്ദീപാനന്ദഗിരി മണിമുഴക്കുന്നത്.

അല്‍മോറയിലെ ക്ഷേത്രത്തില്‍ പോയി മനസില്‍ ആഗ്രഹിച്ച് മണിമുഴക്കിയാല്‍ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. തിരുവോണനാളില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലിക്കുമെന്നും സ്വാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സംഭവം.