കുടുംബ ബജറ്റ് താളം തെറ്റും; പാലിന് വില കൂട്ടും; ലിറ്ററിന് അഞ്ചു രൂപയിലേറെ വർദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി

പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലേറെ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മില്‍മ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വില വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയാകും റിപ്പോര്‍ട്ട് തയാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വിപണി പിടിക്കാനായി പുതിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ മില്‍മ വിപണിയിലിറക്കി. പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗര്‍ട്ട് (രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യം), മിനികോണ്‍, മില്‍ക്ക് സിപ് അപ്, ഫ്രൂട്ട് ഫണ്‍ഡേ എന്നിവയാണ് വിപണിയിലിറക്കിയത്.

പാലിന്റെ ഉല്‍പാദനക്ഷമതയില്‍ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

Read more

പാല്‍ ഉല്‍പാദനത്തില്‍ നിലവില്‍ കേരളം രണ്ടാംസ്ഥാനത്താണ്. പാലുല്‍പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മില്‍മ വഹിക്കുന്ന പങ്ക് വലുതാണ്. നിലവില്‍ മില്‍മ കേരളത്തില്‍ മാത്രം നാല്‍പതോളം പാലുല്‍പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. മില്‍മക്ക് ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.