കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഒരു മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതായി സാബു എം ജേക്കബ്. മന്ത്രിയുടെ ബന്ധുവായ അസിസ്റ്റന്റ് സൂപ്രണ്ട് വഴി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടണമെന്നും സാബു ആവശ്യപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വഴി സ്വാധീനം ചെലുത്താന്‍ ശ്രമിച്ചത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരള്‍ രോഗമാണ് മരണകാരണം എന്ന് വരുത്താനായിരുന്നു ശ്രമം. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം പുറത്ത് വരും. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സാബു എം ജേക്കബ്ബ് ആവശ്യപ്പെട്ടു.
അഡ്മിറ്റാകുമ്പോള്‍ കോവിഡ് നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതില്‍ ദുരൂഹതയുണ്ട്. മരണം പുറത്തറിയാന്‍ വൈകിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
തലയ്ക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more
സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ എം.എല്‍.എ ശ്രീനിജന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ട്വന്റി 20 വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് ദീപുവിന് നേരെ ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.