നരേന്ദ്ര മോദിയുടെ ദുര്‍ഭരണത്തില്‍ രാജ്യം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരികയാണെന്നും ഏതു നിമിഷവും തങ്ങളുടെ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം എന്ന ഭീതിദമായ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവരുന്നവരുടെ അവസ്ഥ വാക്കുകളാല്‍ വിവരിക്കാന്‍ ആവാത്തതാണെന്നും സുധാകരന്‍ പറഞ്ഞു.
ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും അവരുടെ സ്ഥാപനങ്ങള്‍ക്കെതിരെയും 2022ല്‍ മാത്രം ഏകദേശം 1800 ല്‍ അധികം ആക്രമണങ്ങളാണ് 21 സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച് ചുവരുകളില്‍ കരി കൊണ്ട് ‘ റാം ‘ എന്നെഴുതിയത് അടുത്തകാലത്താണ് . ഈ രീതിയില്‍ മതങ്ങളെ തമ്മില്‍ തെറ്റിച്ച് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള നിഗൂഢ ശ്രമങ്ങള്‍ നടക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.
രാജ്യത്ത് മതങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനെ നിയന്ത്രിക്കുവാനും മതസൗഹാര്‍ദ്ദം പുന:സ്ഥാപിക്കാനും മുന്നില്‍ നിന്നവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ഭരണകൂടങ്ങളും. എന്നാല്‍ ഉത്തരവാദിത്വരഹിതമായി പെരുമാറുന്ന മോദിയുടെ ഭരണകൂടം രാജ്യത്തിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളരുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നു.ഏതു നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം , ഏതു നിമിഷവും തങ്ങളുടെ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം എന്ന ഭീതിദമായ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവരുന്നവരുടെ അവസ്ഥ വാക്കുകളാല്‍ വിവരിക്കാന്‍ ആവാത്തതാണ്.
ജീവന്റെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രത്തില്‍ പ്രക്ഷോഭം നടത്തുകയാണ്. ഇന്ത്യയില്‍ സ്വസ്ഥമായി ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ആ നിരാലംബ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.