"സർക്കാർ പരിപാടിയല്ല മുഖ്യമന്ത്രിയുടെ പിആർ പരിപാടി"; നവകേരള സദസിനെ വിമർശിച്ച് എം എം ഹസ്സൻ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ.മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയാണ് നവകേരള സദസെന്നായിരുന്നു വിമർശനം. നവകേരള സദസ്സ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയെന്ന് തെളിഞ്ഞു. എം.വി ഗോവിന്ദനും, ഇ.പി ജയരാജനും, പി കെ ശ്രീമതിയും ഒക്കെ വേദിയിലുണ്ടെന്ന് ഹസ്സൻ ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി വളരെ കഷ്ടപ്പെട്ട് ഇതൊരു സർക്കാർ പരിപാടിയാണ് എന്ന് പറഞ്ഞു. പിന്നീട് വിമർശനം വന്നതോടെ നേതാക്കളെയെല്ലാം അടുത്ത ദിവസം മുതൽ വേദിയിൽ നിന്ന് താഴെ ഇരുത്തിയെന്നും ഹസ്സൻ പറഞ്ഞു.7 ലക്ഷം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ തീരുമാനമെടുക്കാതിരിക്കുന്നത്. അതിന് തീരുമാനമെടുക്കാതെയാണ് ചീഫ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടെ യാത്രയിൽ കൊണ്ട് നടക്കുന്നത്. ഇത് വെറും പ്രഹസനമാണെന്ന് ഹസ്സൻ വിമർശിച്ചു.

Read more

ഇത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രാഷ്ട്രീയ പ്രചാരണം നടത്താനുള്ള പരിപാടിയാണ്.മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും വിമർശിക്കാനാണ് മുഖ്യമന്ത്രിയുടെ സദസ്. ഇത് നവകേരള സദസല്ല, വിമർശന സദസാണ്. പ്രഭാത യോഗത്തിൽ നിന്ന് മാധ്യമങ്ങളെ ഇന്ന് ഒഴിവാക്കിയത് എന്തിനാണ്? നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾ അറിയേണ്ട എന്നാണ് തീരുമാനമെന്നും ഹസ്സൻ പറഞ്ഞു.