മോൻസന്റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. ഇറ്റലിയിൽ ഉള്ള അനിതയുടെ മൊഴി വീഡിയോ കോള്‍ വഴിയാണ് രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. മോൻസണ്‍ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെ കുറിച്ച് അനിത പുല്ലയിലിന് അറിയാമായിരുന്നുവെന്ന് മോൻസന്റെ മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്റെ പുരാവസ്തു ശേഖരത്തിലുള്ളത് വ്യാജസാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോൻസന്റെ മുൻ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് പറഞ്ഞിരുന്നുവെന്നും അജി പറഞ്ഞിരുന്നു.

തട്ടിപ്പ് മനസ്സിലായതിന് ശേഷവും അനിത മോൻസനുമായി സൗഹൃദം പുലർത്തിയിരുന്നു. രാജകുമാരിയിൽ നടന്ന മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത പുല്ലയിൽ സജീവമായി പങ്കെടുത്തിരുന്നു. മോൻസന്റെ വീട്ടിൽ അനിത ഒരാഴ്ച താമസിച്ചിരുന്നു. പ്രവാസി ഫെഡറേഷൻ ഭാരവാഹികളുടെ ഓഫീസ് ആയി മോൻസന്റെ പുരാവസ്തു മ്യൂസിയം പ്രവർത്തിച്ചിരുന്നു. വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു.

Read more

അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നിരുന്നു. മോൻസനുമായി തെറ്റിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. മോൻസനെ സൂക്ഷിക്കണമെന്ന് ലോക്നാഥ് ബഹ്റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയിൽ ഐജി ലക്ഷ്മണയോട് സംസാരിക്കുന്നുണ്ട്. തെളിവുകൾ ക്രൈംബ്രാ‌ഞ്ച് പരിശോധിച്ചു വരികയാണ്.