മോന്‍സണ്‍ കേസ്; ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിത പുല്ലയില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലടക്കമുള്ള ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പൊലീസിൻറെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഇതുവരെ ആരും തന്നെ വിളിച്ചിട്ടില്ല, നാട്ടിലേക്ക് വരാന്‍ ഒരു വിലക്കുമില്ല, അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോ​ഗസ്ഥർ വിളിച്ചാൽ എവിടെ വരാനും താൻ തയ്യാറാണ് എന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു.

മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇറ്റലിയിലുള്ള അനിതയെ നോട്ടീസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മോൻസനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം ബാങ്ക് രേഖകൾ കൈവശം ഉണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. മോന്‍സണുമായി ബന്ധമു‍ള്ള ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കണമെന്ന് അനിത ആവശ്യപ്പെട്ടു.

മോന്‍സന്റെ ജീവനക്കാർക്ക് അങ്ങോട്ട് പണം നല്‍കിയിട്ടുണ്ട്. അനാഥകളെ സഹായിക്കാന്‍ പണം ചെലവാക്കിയിട്ടുണ്ട്. താൻ ഏതെങ്കിലും ഒരു ആളെയെങ്കിലും നഴ്സിംഗ് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ, തട്ടിപ്പുകാരിയാണെങ്കില്‍ വിദേശത്ത് താമസിക്കുന്ന തനിക്കെതിരെ ഒരു പരാതിയെങ്കിലും ഉണ്ടാകില്ലേയെന്നും അനിത ചോദിക്കുന്നു.

മോന്‍സൻ അനർഹമായി സമ്പാദിച്ച പണം കൊണ്ട് ജീവിച്ചിരുന്ന ആളുകൾ ഇപ്പോഴും പുറത്തുണ്ട്. ആളുകളെ പറ്റിക്കുന്ന ശീലം തനിക്കില്ല. ഒരു പൈസയെങ്കിലും മറ്റുള്ളവർക്കു കൊടുത്തിട്ടുള്ളതല്ലാതെ താൻ ഇവരിൽ ആരോടെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നു ചോദിക്കൂ. ഒരു രാജാവിനെ പോലെ ജീവിച്ചിരുന്നവനാണ് അറസ്റ്റിലായത്. അവനെ സഹായിച്ചവർക്ക് വിഷമമുണ്ടാകും എന്നും അനിത പറഞ്ഞു.

Read more

ഈ ദുഷ്ടതകൾ ഒന്നും കാണാതെ തന്റെ മാതാപിതാക്കൾ മരിച്ചു പോയതിൽ സന്തോഷിക്കുന്നൊരു മകളാണ് താൻ എന്ന് അനിത പറഞ്ഞു. അല്ലായിരുന്നെങ്കിൽ ഈ ഒരു പേരും പറഞ്ഞ് അറിയാത്ത എത്രയോ പേരുടെ അധിക്ഷേപങ്ങൾ അവർക്കു കേൾക്കേണ്ടി വന്നേനെ. തനിക്ക് നല്ലപോലെ അറിയുന്ന ഒരാള്‍ എല്ലാവരേയും പറ്റിക്കുന്നു. താനത് മറച്ചുവെക്കണമായിരുന്നോ, തട്ടിപ്പ് പുറത്തെത്തിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും അനിത ചോദിക്കുന്നു. നിറം പിടിപ്പിച്ച കഥകളാണ് തന്നെപ്പറ്റി മെനയുന്നത്. സത്യം എന്ന വാക്കിന്റെ അർത്ഥം അറിയാം. അങ്ങനെ ഒന്നുണ്ടെങ്കിൽ കാത്തിരുന്നു കാണാം, സത്യം ഒരുനാള്‍ പുറത്തുവരുകതന്നെ ചെയ്യുമെന്ന് അനിത കൂട്ടിച്ചേർത്തു.