മോന്‍സണ്‍ മാവുങ്കല്‍ കേസ്; ശില്പങ്ങള്‍ ശില്പിക്ക് തിരികെ നല്‍കണമെന്ന് കോടതി

മോന്‍സണ്‍ മാവുങ്കലിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ശില്പങ്ങള്‍ ശില്പിക്ക് തിരികെ നല്‍കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ പക്കലാണ് ഈ ശില്പങ്ങളുള്ളത്. ഇവ തിങ്കളാഴ്ച്ച ശില്പി സുരേഷിന് കൈമാറും. വിശ്വരൂപം ഉള്‍പ്പെടെ ഒന്‍പത് ശില്പങ്ങളാണ് കൈമാറുന്നത്.

അതേസമയം, ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സന്റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ട്.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.