മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

ഇടുക്കിയില്‍ സ്വര്‍ണം പണയം വച്ച തുക ആഭിചാരത്തിന് വിനിയോഗിച്ചെന്ന സൈനികന്റെ പരാതിയില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍കാനം സ്വദേശിയും സൈനികനുമായ അഭിജിത്തിന്റെ പരാതിയിലാണ് അമ്മ പഴയചിറയില്‍ ബിന്‍സി ജോസിനെ അറസ്റ്റ് ചെയ്തത്. തങ്കമണി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഭിജിത്തിന്റെ ഭാര്യയുടെയും സഹോദരിയുടെയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കുടുംബത്തില്‍ ആരും അറിയാതെ ബിന്‍സി എടുത്ത് പണയപ്പെടുത്തുകയായിരുന്നു. അഭിജിത്തിന്റെ ഭാര്യയുടെ 14 പവന്‍ സ്വര്‍ണവും സഹോദരിയുടെ 10 പവന്‍ സ്വര്‍ണവുമാണ് ബിന്‍സി ജോസ് കുടുംബം അറിയാതെ പണയപ്പെടുത്തിയത്.

അതേസമയം ബിന്‍സിയ്ക്ക് കുടുംബം അറിയാത്ത കടബാധ്യതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പണയംവച്ചുകിട്ടിയ പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. ആഭിചാര ക്രിയകള്‍ ചെയ്തിരുന്നവരെ ബിന്‍സി സ്ഥിരമായി സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഇതേ തുടര്‍ന്ന് കുടുംബത്തില്‍ തര്‍ക്കള്‍ ഉടലെടുത്തതോടെ ബിന്‍സി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ ആഭിചാരക്രിയ ചെയ്യുന്ന ഒരാളുടെ അടുത്ത് ഇവര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബിന്‍സിയെ കസ്റ്റഡിയിലെടുത്തത്.

Read more