എംടി പത്മ അന്തരിച്ചു; വിടപറഞ്ഞത് കേരള മന്ത്രിസഭയിലെ മൂന്നാമത്തെ വനിത മന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എംടി പത്മ(80) അന്തരിച്ചു. മുംബൈയില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. 1991 മുതല്‍ 1995 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമീണ വികസന, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു.

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നാണ് എംടി പത്മ നിയമസഭയിലെത്തിയത്. 1999ല്‍ പാലക്കാട് നിന്നും 2004ല്‍ വടകരയില്‍ നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഫലം പരാജയമായിരുന്നു. 2013ല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.

കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എംടി പത്മ. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.