ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും; മോട്ടോര്‍ വാഹന വകുപ്പിന് പ്രിയം ഡീസല്‍ വാഹനങ്ങളോ?

ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും. വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനങ്ങളുണ്ടാക്കിയ അമിത നഷ്ടത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്വന്തമായി ഡീഡല്‍ വാഹനങ്ങല്‍ വാങ്ങാനൊരുങ്ങുന്നു. 20 വാഹനങ്ങളാണ് പുതുതായി മോട്ടോര്‍ വാഹന വകുപ്പ് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി 200 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന 59 വാഹനങ്ങള്‍ക്ക് പകരമാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നത്. പ്രായോഗിക പ്രശ്‌നങ്ങളും ഉയര്‍ന്ന വാടകയുമാണ് മോട്ടോര്‍ വാഹന വകുപ്പിനെ ഇവിയില്‍ നിന്ന് അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്നത്. 2018ല്‍ ആയിരുന്നു സര്‍ക്കാര്‍ വകുപ്പുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്ന നിബന്ധന നിലവില്‍ വരുന്നത്.

ഇതിനുപുറമേ ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാനും അനുമതി നല്‍കി. ഉയര്‍ന്ന വാടക നിരക്കും ഒറ്റ ചാര്‍ജിംഗിലെ ദൂരപരിധിയും ചൂണ്ടിക്കാട്ടി പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ സര്‍ക്കാര്‍ നിബന്ധനയില്‍ നിന്ന് പുറത്തുചാടി. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന് നിബന്ധന അംഗീകരിക്കേണ്ടി വന്നു.

എന്നാല്‍ നേരത്തെ പിന്‍വലിച്ച 93 വാഹനങ്ങള്‍ക്ക് പുറമേ ഈ വര്‍ഷം 59 വാഹനങ്ങള്‍ കൂടി ഒഴിവാക്കേണ്ടി വരുന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും പ്രതിസന്ധിയിലായി. ഇതോടെയാണ് സര്‍ക്കാര്‍ ഉത്തരവില്‍ മോട്ടോര്‍ വാഹന വകുപ്പിന് ഇളവ് നല്‍കിയത്. ശബരിമല തീര്‍ത്ഥാടനം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ഇവി പ്രായോഗികമല്ല.