ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ നാരായണദാസ് ഒളിവിൽ; ഷീലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും, ചോദ്യം ചെയ്യലിന് എത്താതെ മകൻ

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന കേസിൽ‌ മുഖ്യപ്രതി നാരായണദാസ് ഒളിവിൽ. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ച സമയ പരിധിയും കഴിഞ്ഞു. എന്നിട്ടും ഇയാൾ ഹാജരായിട്ടില്ല. കേസിൽ ചെന്നൈയിൽ നിന്നെത്തുന്ന ഷീല സണ്ണിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും.

ഷീലയുടെ മകൻ സംഗീതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെങ്കിലും ഇയാൾ എത്തിയിട്ടില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണ് കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്.

എക്സൈസിന് വ്യാജ വിവരം നൽകിയത് ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്ന് കണ്ടെത്തിയിരുന്നു. ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന സതീശന്റെ മൊഴി രേഖപ്പെടുത്തി.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അന്വേഷണം എക്സൈസിൽ നിന്നു പൊലീസിന് കൈമാറിയത്.  2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്.

ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.