തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയെ പണം തരാമെന്ന് പറഞ്ഞു പറ്റിച്ചെന്ന് ഉമ്മ റാബിയ. പത്ത് വര്‍ഷമായി തുഷാര്‍ നല്‍കാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാര്‍ പറ്റിച്ചതിനെ തുടര്‍ന്നാണ് നാസില്‍ ദുബായില്‍ ജയിലിലായതെന്നും ഉമ്മ റാബിയ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഉമ്മ റാബിയയുടെ പ്രതികരണം.
നിവൃത്തികേട് കൊണ്ടാണ് കേസ് കൊടുത്തത്. ഇതിന് പിന്നില്‍ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരില്‍ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. ഇപ്പോള്‍ കടം കാരണം നാസിലിന് നാട്ടില്‍ വരാനാകാത്ത അവസ്ഥയാണ്. തുഷാര്‍ എങ്ങനെയെങ്കിലും ആ പണം തിരിച്ച് തരണം. തുഷാറിനെ കേസില്‍ കുടുക്കാന്‍ ആഗ്രഹമില്ല. ഇനിയെങ്കിലും തുഷാര്‍ പണം തിരികെ തരുമെന്നാണ് പ്രതീക്ഷ – ഉമ്മ റാബിയ പറയുന്നു.
തീരെ അവശരായ നാസിലിന്റെ ഉപ്പയും ഉമ്മയും വീട്ടില്‍ ഒറ്റയ്ക്കാണ്. ഉപ്പ വീല്‍ചെയറിലാണ്. വിവരങ്ങളെ കുറിച്ചൊന്നും പറയാന്‍ വയ്യ.
ഇന്നലെ നാസില്‍ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ മതിലകം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. അരമണിക്കൂറോളം പൊലീസ് ഈ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
നാസില്‍ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.
Read more
പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തില്‍ ഇപ്പോഴൊരു കേസ് വരുമ്പോള്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസെത്തിയത്.