നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. ഇന്നലെ രാത്രി 10നാണ് തിരുത്തന്‍പാടത്തെ വീടിനുസമീപത്തുനിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഒളിവില്‍കഴിഞ്ഞ പോത്തുണ്ടി മലയില്‍നിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരികയായിരുന്നു പ്രതി.
രാത്രി ചെന്താമരയെ പോത്തുണ്ടി മലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് നാട്ടുകാരുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഒമ്പതരയോടെ തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് കെണിയൊരുക്കിയത്. ചെന്താമര രണ്ടുദിവസമായി ഭക്ഷണം കഴിച്ചിരിക്കാന്‍ ഇടയില്ലെന്നതും പൊലീസ് കണക്കുകൂട്ടി. പൊലീസ് ഇവിടെനിന്ന് മടങ്ങിയെന്ന് കരുതിയാണ് ചെന്താമര വീട്ടിലേക്ക് തിരിച്ചത്.
വൈദ്യപരിശോധനയ്ക്കുശേഷം 11.15ഓടെ സ്വകാര്യ കാറില്‍ നെന്മാറ സ്റ്റേഷനില്‍ എത്തിച്ചു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നാട്ടുകാര്‍ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചെന്താമരയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ ഇവര്‍ ഗേറ്റും മതിലും തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചു. കൊലപാതകം നടത്തി 36 മണിക്കൂറിനിനുള്ളില്‍ പൊലീസിന് പ്രതിയെ പിടിക്കാനായി.
Read more
പോത്തുണ്ടി മലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇയാളുടെ വീടിനു സമീപത്തുവച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. നെന്‍മാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.