ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി പരസ്പര തീരുവ ചുമത്തുന്നത് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യൽ വഴിയാണ് ട്രംപ് സ്ഥിരീകരണം നടത്തിയത്. ഇന്ന് ഇന്ത്യൻ സമയം ഏകദേശം അർധരാത്രി പന്ത്രണ്ട് മണിക്ക് പുതിയ പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. വ്യാപാര താരിഫുകളെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ട്രംപിന്റെ താല്പര്യത്തെയാണ് ഈ തീരുമാനം അടയാളപ്പെടുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ട്രംപ് പ്രഖ്യാപിക്കുന്ന താരിഫുകൾ എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുക എന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ അമേരിക്കയുടെ പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി 104 ഇന്ത്യക്കാരെ അനധികൃത കുടിയേറ്റം ആരോപിച്ച് സൈനീക വിമാനത്തിൽ കയറ്റി കൈകാലുകൾ ബന്ധിച്ച് നാടുകടത്തുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതിഷേധം അറിയിക്കാൻ മോദി തയ്യാറായിട്ടില്ല.
Read more
അതേസമയം കഴിഞ്ഞ ആഴ്ച്ചയിൽ സ്റ്റീൽ അലൂമിനിയം ഉല്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ട്രംപ് ഉൾപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യക്കും ബാധകമാണ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ഇതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.