ഈ മാസം ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിലെ നേടും തൂണായ പേസ് ബോളർ ജസ്പ്രീത് ബുംറ പുറത്തായതോടെ ടൂർണമെന്റിലെ പ്രതീക്ഷ അസ്തമിച്ചു. എതിരാളികൾ ഏറ്റവും കൂടുതൽ ഭയക്കുന്ന താരം ഗുരുതരമായ പരിക്കിനെ തുടർന്ന് പിന്മാറിയതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി.
2025 ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നിന്ന് ഔദ്യോഗികമായി വിട്ടുനിന്നതിന് ശേഷമുള്ള തന്റെ ആദ്യ ചിത്രം ഇപ്പോൾ ജസ്പ്രീത് ബുംറ പങ്ക് വെച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള ഒരു മിറർ സെൽഫിയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 32 വിക്കറ്റുകളുമായി പ്ലയെർ ഓഫ് ദി സീരീസ് ആയത് ബുംറയായിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിൽ വെച്ച് ശക്തമായ പുറം വേദനയെ തുടർന്നാണ് ജസ്പ്രീത് ബുംറ പിന്മാറിയത്. പരമ്പരയിൽ ഇന്ത്യ 3 -1 ന് ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും ചെയ്യ്തു.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. പരിശീലകനായ ഗൗതം ഗംഭീറിനും, നായകനായ രോഹിത് ശർമ്മയ്ക്കും വൻ വിമർശനങ്ങളാണ് അതിൽ ഉയർന്ന് വരുന്നത്. ഈ മാസം ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ടീം മോശമായ പ്രകടനം കാഴ്ച വെച്ചാൽ താരങ്ങളുടെ സ്ഥാനം പോകാനുള്ള സാധ്യത കൂടുതലായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.