ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കേന്ദ്രത്തിൽ നിന്നുള്ള 'ഇറക്കുമതിയാകുമോ' ?

ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ ആരായിരിക്കും അടുത്ത സംസ്ഥാന അദ്ധ്യക്ഷനെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.  ടി രമേശ് തുടങ്ങിയ പേരുകളാണ് പൊതുവെ മാധ്യമ ശ്രദ്ധയിൽ ഉള്ളത്. മുൻ പ്രസിഡന്റ് പി.കെ കൃഷ്ണദാസിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഇവരിൽ ആര് വന്നാലും സംസ്ഥാനത്തെ ബി ജെ പിയെ ഒറ്റക്കെട്ടായി കൊണ്ട് പോവുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ചില മലയാളി നേതാക്കളുടെ പേരും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇക്കൂട്ടത്തിൽ കേരളത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് അത്ര പരിചിതനല്ലാത്ത ആര്‍.എസ്.എസ് വിശേഷ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.

ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ജയകുമാർ പാർട്ടിയിലെ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് കളിയിൽ ഉൾപ്പെടുന്ന ആളല്ല. ദേശീയ നേതാക്കളുമായുള്ള ബന്ധമാണ് അദ്ധ്യക്ഷ പദവിക്കായുള്ള ജയകുമാറിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ജാതി ഘടകവും ജയകുമാറിന് അനുകൂലമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ കേരളത്തിലെ പ്രവർത്തകർക്കിടയിൽ അത്ര പരിചിതനല്ലാത്ത ഒരാൾ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്നത് പ്രതികൂല ഫലം ഉണ്ടാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.

ആര്‍.എസ്.എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ജയകുമാറിനെ നേരത്തെയും പാർട്ടിയുടെ സംസ്ഥാന നേതൃത്വ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്നും മത്സരിച്ചു തോറ്റ കെ.സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സുരേന്ദ്രന്‍ പാര്‍ട്ടി അദ്ധ്യക്ഷനായാൽ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം എന്ന നിലയിൽ ശോഭ സുരേന്ദ്രന് ഒരു അവസരം നൽകണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.