ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള കേന്ദ്രീകരണം ഒഴിവാക്കാന്‍ അടുത്ത വര്‍ഷം മുതല്‍ പ്രാദേശികമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ അനില്‍കുമാര്‍. പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇത്തരമൊരു സാഹചര്യം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് പ്രാദേശികമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നത്.
പുതുവത്സരാഘോഷത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സംഘാടനത്തില്‍ വന്ന പിഴവില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടും. ക്രമീകരണങ്ങളിലെ വീഴ്ചകള്‍ നാണക്കേടായതോടെയാണ് നടപടി. ക്രമീകരണങ്ങളില്‍ വന്ന വീഴ്ചകളാണ് താഴേത്തട്ടില്‍ പരിശോധിക്കുന്നത്. ഗതാഗത സംവിധാനത്തില്‍ വന്ന പിഴവ്. ജനങ്ങളെ കുരുക്കിയ മൈതാനത്തിലെ ക്രമീകരണങ്ങള്‍, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാര്‍ണിവല്‍ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സര്‍ക്കാര്‍ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞില്ല.
Read more
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും എറണാകുളത്തേക്കുള്ള റോ-റോ സര്‍വീസ് ഇടക്ക് തടസപ്പെട്ടതും മുളവുകാട് നിന്നും പ്രത്യേക റോ-റോ എത്താതിരുന്നതും നഗരത്തിലേക്കുള്ള മടങ്ങി പോക്കിന് തടസമായി. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തണമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം പോലും പാലിക്കപ്പെട്ടില്ല.