യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കോഴിക്കോട് യു.എ.പി.എ. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

നവംബര്‍ രണ്ടിനാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ യുഎപിഎ ചുമത്താന്‍ തക്ക തെളിവുകള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.

കേസിലെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തേക്കാള്‍, യുഎപിഎ വകുപ്പ് ചുമത്തിയതാണ് ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിര്‍ണായകമായതെന്നാണ് കരുതപ്പെടുന്നത്.