എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ച കേസിൽ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യയുടെ മൊഴി പുറത്ത്. ആരോപണ ഉന്നയിച്ചത്തിൽ ഗൂഢാലോചനയില്ലെന്നാണ് ദിവ്യയുടെ മൊഴി. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകി.
പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്ത മൊഴിയാണ് പുറത്തുവന്നത്. അതേസമയം കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
Read more
അതേസമയം, എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോർട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല.